കോഴിക്കോട്: പേരാമ്പ്രയില്‍ തന്നെ മര്‍ദിച്ചത് സര്‍വീസില്‍നിന്നു പിരിച്ചുവിട്ടുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഭിലാഷ് ഡേവിഡ് എന്ന പോലീസ് ഉദ്യോഗസ്ഥനാണെന്ന് ഷാഫി പറമ്പില്‍ എംപി.
മര്‍ദിച്ചയാളെ തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ല. വടകര കണ്ട്രോള് റൂം സിഐ ആണ് അഭിലാഷ് ഡേവിഡ്. മാഫിയ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16ന് സസ്പെന്ഷനില്പോയ പോലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡെന്നും വഞ്ചിയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു.
പേരാമ്പ്രയിലെ പോലീസ് മര്‍ദനം ആസൂത്രിതമാണെന്നു തെളിയിക്കാന്‍ സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷാഫി പറമ്പില്‍ എംപി ഉദ്യോഗസ്ഥനെതിരേ ആരോപണമുന്നയിച്ചത്.
ഉദ്യോഗസ്ഥൻ തലയിലും മൂക്കിലും അടിക്കുന്നതിന്റെയും വീണ്ടും ലാത്തിയോങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സഹിതമാണ് ഷാഫി വാര്‍ത്താസമ്മേളനം നടത്തിയത്. തനിക്ക് പോലീസ് മര്‍ദനമേറ്റത് സംഘര്‍ഷത്തിനിടെ അറിയാതെ പറ്റിയതല്ലെന്നും പോലീസുകാരന് ഉന്നംവച്ച് അടിക്കുകയായിരുന്നുവെന്നും ഷാഫി പറഞ്ഞു.
പോലീസിന്റെ വെബ്സൈറ്റില്‍ ഇദേഹത്തിന്റെ ഫോട്ടോ നല്‍കിയിട്ടില്ല. 2023 ജനുവരി 16ന് ഇയാളുള്പ്പെടെയുള്ള ചില പോലീസുകാരെ മാഫിയ ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. 19ന് പിരിച്ചുവിട്ടതായി മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. ലൈംഗിക പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന്റെ പേരിലെന്നായിരുന്നു വാര്‍ത്ത. പിരിച്ചുവിട്ടെന്നു പറയുകയും പിന്നീട് അവരെ രഹസ്യമായി തിരിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.
സിപിഎം പറയുന്ന ഗുണ്ടാപ്പണിക്ക് അവരെ നിയോഗിക്കുകയാണ്. അഭിലാഷിന് പഴയ എസ്എഫ്ഐ ബന്ധമുണ്ട്. സിപിഎമ്മിനു വേണ്ടി ഗുണ്ടാപ്പണി എടുക്കുന്നവര്‍ അകത്തും പുറത്തുമുണ്ട്. ഇവരുടെ രക്ഷാധികാരിയായി ആഭ്യന്തരമന്ത്രി മാറി.
പരിക്കേറ്റ ഡിവൈഎസ്പി ആശുപത്രിയിലെത്തിയ ശേഷം എംപി ആശുപത്രിയില്‍ അഡ്മിറ്റായോ എന്ന് അന്വേഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഷാഫി പുറത്തുവിട്ടു. തന്നെ ആക്രമിച്ചത് ആസൂത്രിതമാണെന്ന് ഇതില്‍നിന്നു വ്യക്തമാണെന്ന് ഷാഫി പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.
എസ്പി പറഞ്ഞതുപോലെ പിന്നില്‍നിന്നല്ല, മുന്നില്‍നിന്നാണ് അടിച്ചത്.
മൂന്നാമതും തന്നെ ഉന്നംവച്ച് അടിക്കാന്‍ നോക്കിയപ്പോള്‍ മറ്റൊരു പോലീസുകാരന് തടഞ്ഞു. ഗ്രനേഡ് പൊട്ടിയത് പോലീസിന്റെ കൈയിൽനിന്നാണ്. പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പോലീസിനു പരിക്കേറ്റിട്ടില്ല. മര്‍ദനത്തിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ കാരണമുണ്ട്. ആക്രമണത്തില്‍ ഇതുവരെ പോലീസ് മൊഴി എടുത്തിട്ടില്ല. പേരാമ്പ്രയിലെ മര്‍ദനം മുന്‍ നിശ്ചയിച്ച പ്രകാരമായിരുന്നു. മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥന് ഗ്രനേഡ് മര്യാദയ്ക്ക് എറിയാന്‍ കഴിഞ്ഞിട്ടില്ല.
അതുകൊണ്ടാണു കഴിഞ്ഞയാഴ്ച പ്രത്യേക പരിശീലനം നല്‍കിയത്. പോലീസ് പോലീസിന്റെ പണി എടുക്കണം. അല്ലാതെ സിപിഎമ്മിന്റെ പോഷക സംഘടനയുടെ പണി എടുക്കരുത്. വിഷയത്തില്‍ നിയമ പോരാട്ടം തുടരും. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കു തെളിവുകള്‍ കൈമാറുമെന്നും ഷാഫി പറഞ്ഞു.
അതേസമയം, സംഭവസ്ഥലത്ത് താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും എംപിയെ മര്‍ദിച്ചിട്ടില്ലെന്നും ഇന്‍സ്പക്ടര്‍ അഭിലാഷ് ഡേവിഡ് പറഞ്ഞു.